ന്യൂഡൽഹി: രാജ്യത്തെ പലഭാഗങ്ങളിലും പടരുന്ന പന്നിപ്പനി വൈറസ് (എച്ച്1 എൻ 1) ഉത്ഭവിച്ചത് യുഎസിലെ മിസൗറിയാണെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം. കഴിഞ്ഞവർഷം അവസാനം മുതൽ വൈറസിന്റെ സാന്നിധ്യം രാജ്യത്തുണ്ടെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) സ്ഥിരീകരിച്ചുവെന്നും മന്ത്രാലയം വ്യക്തമാക്കി.
പുതിയ വകഭേദം ഇതുവരെ കണ്ടെത്തിയിട്ടില്ലാത്തതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഇപ്പോൾ ലഭ്യമായ പ്രതിരോധ മരുന്ന് ഫലപ്രദമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഈവർഷം ഇതുവരെ ഡൽഹിയിൽ മാത്രം 2392 പേർക്കു രോഗം സ്ഥിരീകരിച്ചു. മുംബൈ, ബംഗളൂരു എന്നിവിടങ്ങളിലും രോഗം പ്രത്യക്ഷപ്പെട്ടുവെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
പനി, ചുമ, തലവേദന, ശരീരവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. വിശ്രമത്തിലൂടെയും ശരിയായ പരിചരണത്തിലൂടെയും ഭൂരിഭാഗം ആളുകളും സൗഖ്യം പ്രാപിക്കാറുണ്ട്.
എന്നാൽ ചെറിയ കുട്ടികൾ, വയോധികർ, അനുബന്ധ രോഗങ്ങളുള്ളവർ എന്നിവരിൽ രോഗം ഗുരുതരമാകാൻ സാധ്യത കൂടുതലാണ്. ലക്ഷണങ്ങൾ നീണ്ടുനിൽക്കുകയോ കഠിനമാവുകയോ ചെയ്താൽ ഡോക്ടറെ കാണാൻ നിർദേശമുണ്ട്.
ഉയർന്ന അപകടസാധ്യതയുള്ളവർ വാർഷിക വാക്സിനേഷൻ എടുക്കാൻ ഡൽഹി മെഡിക്കൽ അസോസിയേഷൻ നിർദേശിച്ചിട്ടുണ്ട്. നിലവിലെ സ്ഥിതിഗതികൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.